Wednesday, January 27, 2016

ഒരു ആയുസ്സും നൂറു് അഭിഷേകവും ആയിരം പൂർണ്ണചന്ദ്രന്മാരും

ശതാഭിഷേകമെന്നാൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടവർക്കായി നടത്തുന്ന ചടങ്ങ് ആണല്ലോ. ഇവിടുത്തെ ശതത്തിന് എന്താണ് അർത്ഥം...?

Viswa Prabha
ഇതു വിശദീകരിക്കാൻ സ്വല്പം ഗ്രഹഗണിതം വേണ്ടിവരും. ഈ ഗ്രൂപ്പിന്റെ വിഷയപരിധിയിലേക്കു പോവുമോ എന്ന സംശയവുമുണ്ടു്. എങ്കിലും ശ്രമിക്കാം:

സൂര്യസിദ്ധാന്തമനുസരിച്ചു് ഒരു ശരാശരി സായനയോഗചക്രം ഏകദേശം 50 നാഴിക സമയമാണു്. അതായതു് ഓരോ 50 നാഴികയിലും ഒരു നിത്യയോഗദിനം കടന്നുപോവുന്നു. എന്നാൽ ഒരു സൗരദിനം 60 നാഴികയാണു്.
അങ്ങനെ വന്നാൽ, ഒരു നിത്യയോഗശതാബ്ദി = 50/60 * 100 വർഷം = 83.3333 സൗരവർഷം. [83 വർഷം 4 മാസം]

[കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, 50.10967 നാഴികയാണു് ശരാശരി യോഗചക്രം. അതനുസരിച്ച് 83 വർഷം 6 മാസം 6 ദിവസം.]

ഇനി ഈ പ്രായത്തോടുകൂടി 'നിഷ്ക്രമണസംസ്കാരം' എന്ന പേരിൽ മൂന്നുമാസം കൂടി ചേർക്കാനുണ്ടു്. അങ്ങനെ 83 വർഷവും 9 മാസവും കുറച്ചു ദിവസങ്ങളും എന്നു കിട്ടും.

അങ്ങനെ, തൊട്ടടുത്തു വരുന്ന 84ആം വാർഷികം 'ശതാഭിഷേക'മായി ആചരിക്കുന്നു.

ഇതേ സമയത്തുതന്നെയാണു് മലയാളം പഞ്ചാംഗം അനുസരിച്ചു് 1000 പൂർണ്ണചന്ദ്ര-രാശികൾ പൂർത്തിയാവുന്നതും. (83.3333 വർഷം).
യഥാർത്ഥത്തിൽ, 83 വർഷം 4 മാസവുമാകുന്നതിനുമുമ്പേ 1030.7 പൗർണ്ണമികൾ സംഭവിച്ചിട്ടുണ്ടാകും. എന്നാൽ ആയിരമേ കണക്കിലെടുക്കൂ.
May 31, 2015 at 4:01am

സംവത്സരം എന്നാൽ ഋതുക്കളുടെ കൂട്ടായ വാസസ്ഥാനം എന്നു് നിരുക്തം. ഋതുക്കളാണു് സംവത്സരത്തിന്റെ കാരകങ്ങൾ.
സാമാന്യപഞ്ചാംഗത്തിൽ (civil almanac) ചുരുങ്ങിയതു് മൂന്നുതരത്തിലുണ്ടു് സംവത്സരങ്ങൾ: ചാന്ദ്രം (lunar), സൗരം (solar), ജൈവം (Jovial - based on Jupiter's orbit).

ഒരു ചാന്ദ്രമാസം എന്നാൽ ഒരു പൂർണ്ണചന്ദ്രദർശനം മുതൽ അടുത്ത പൂർണ്ണചന്ദ്രദർശനം വരെ. അത്തരം 12 പരിക്രമങ്ങളായാൽ ഒരു ഋതുചക്രം അതായതു് ഒരു ചാന്ദ്രസംവത്സരമായി.

ഇതിനെടുക്കുന്ന സമയം 354.3670554 സൗരദിനങ്ങളാണു്. (അതായതു് ഇതിനിടയ്ക്കു് ഇത്രയും സൂര്യോദയങ്ങൾ കടന്നുപോവും.)

എന്നാൽ ഒരു സൗരസംവത്സരം എന്നാൽ ഏകദേശം 365.25 സൂര്യോദയദിവസങ്ങളാണു്. ഇവ തമ്മിൽ ഏകദേശം 10.883 ദിവസത്തെ വ്യത്യാസം വരും. ഈ വ്യത്യാസം മൂലം ഒരു സൗരവർഷത്തിൽ ചന്ദ്രമാസങ്ങൾ കൃത്യം 12 അല്ല, അതിലും സ്വല്പം കൂടുതൽ വരും.
മാത്രമല്ല, ചന്ദ്രന്റെ ആപേക്ഷികസ്ഥാനം ഭൂമിയെയാണോ സൂര്യനെയാണോ അതോ താരതമ്യേന സ്ഥിരമായ നക്ഷത്രമണ്ഡലത്തെയാണോ ഒത്തുനോക്കി കണക്കാക്കുന്നതെന്ന ചോദ്യവും വരും.
ഈ സങ്കീർണ്ണത ഒഴിവാക്കി, പഞ്ചാംഗഗണിതം എളുപ്പത്തിലാക്കാൻ പ്രാചീനജ്യോതിർഗണിതശാസ്ത്രജ്ഞർ ഒരു വിദ്യ പ്രയോഗിച്ചു: ഒരു പൗർണ്ണമി കഴിഞ്ഞാൽ 19 വർഷം തികയുന്ന ദിവസം കൂടി 235 പൗർണ്ണമികൾ പൂർത്തിയാക്കിയിട്ടുണ്ടാവും. ഇതേ സമയം കൊണ്ടു് സൂര്യനും 19x12 = 228 രാശിമാനങ്ങൾ (ഒരു രാശിമാനം 360/12 = 30 ഡിഗ്രി) സഞ്ചരിച്ചിട്ടുണ്ടാവും.
അപ്പോൾ 1000 രാശിമാനങ്ങൾ കടക്കാൻ എത്ര വർഷം വേണം? 100 /12 = 83.333 പക്ഷേ, 83 വർഷം 4 മാസം കൊണ്ടു് എത്ര പൗർണ്ണമി സംഭവിച്ചിട്ടുണ്ടാകും? 235/19 x 83.3333 = 1030.70. ആയിരവും പിന്നെ ഒരു മുപ്പതും.
ഇതിൽ മുപ്പതെണ്ണത്തിനു് ഒരു പ്രത്യേകതയുണ്ടു്. അവയെ ഇംഗ്ലീഷിൽ Blue moons എന്നു വിളിക്കുന്നു. ഒരേ രാശിയിൽ (മലയാളം കൊല്ലവർഷം പോലുള്ള സൗരമാസത്തിൽ) രണ്ടു പൗർണ്ണമികൾ ആവർത്തിച്ചുവരുമ്പോൾ അവയിൽ ഒന്നാണു് നീലച്ചന്ദ്രൻ. (ഇന്ത്യൻ പഞ്ചാംഗങ്ങളിൽ ഇങ്ങനെ ഒരു പേരില്ല. എന്നാൽ രണ്ടു വാവുകൾ ആവർത്തിച്ചുവരുന്ന സൗരമാസത്തിനു് അധികമാസം എന്നു പേർ).
പിറന്നാൾ തുടങ്ങിയ വ്യക്തിപരമായ ആഘോഷങ്ങൾക്കു് (സിവിൽ പഞ്ചാംഗം) ഇങ്ങനെ മാസത്തിൽ രണ്ടുതവണ ആവർത്തിച്ചുവരുന്ന തിഥി, നക്ഷത്രം എന്നിവ കണക്കിലെടുക്കില്ല. അവയെ നിരാകരിക്കും (expunge). [ഇതുപോലെ, വളരെ വളരെ അപൂർവ്വമായി പൗർണ്ണമിയേ ഇല്ലാത്ത ധനു/മകരം മാസവും വന്നെന്നിരിക്കും.]
ഇങ്ങനെ, വിശദമായി ഗണിച്ചുനോക്കിയാൽ, ആയിരം പൗർണ്ണമിമാസങ്ങൾ (രാശികൾ) കടന്നുപോകണമെങ്കിൽ 1000/12 (അല്ലെങ്കിൽ 19/228 x 1000) = 83 വർഷം 4 മാസം വേണമെന്നു കാണാം. (ഈ വലിയ കാലഘട്ടത്തിനുള്ളിൽ പരമാവധി ഒമ്പതു മണിക്കൂറിന്റെ വ്യത്യാസമുണ്ടാകാം).
അങ്ങനെയാണു് (നിത്യയോഗ)ശതാഭിഷേകവും സഹസ്രപൂർണ്ണിമയും തമ്മിൽ ഏതാണ്ടൊരേ പ്രായത്തിൽ ഒത്തുപോകുന്നതു്.


May 31, 2015 at 4:17am ഇനി ഇവയിലെ ചില വാക്കുകളെപ്പറ്റി വിശദീകരിക്കാം:
നിഷ്ക്രമണസംസ്കാരം:
ഹൈന്ദവാചാരമനുസരിച്ചു് അവശ്യമായ 16 ചടങ്ങുകൾ ഒരാളുടെ ജീവിതത്തിൽ നടത്താനുണ്ടു്. ഇവയെ ഷോഡശസംസ്കാരങ്ങൾ എന്നു വിളിക്കുന്നു. ഗർഭാധാനം മുതൽ മരണാനന്തരക്രിയകൾ (അന്ത്യേഷ്ടി) വരെ പടർന്നുകിടക്കുന്നതാണു് ഈ ചടങ്ങുകൾ.

അതിൽ ആറാമത്തെ ചടങ്ങാണു് നിഷ്ക്രമണസംസ്കാരം.

ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ അതല്ലെങ്കിൽ നാലാം മാസത്തിലെ ജന്മതിഥിയിലോ രാവിലെ, സൂര്യോദയസമയത്തു് തെളിഞ്ഞ അന്തരീക്ഷത്തിൽ ശിശുവിനെ വീടിനകത്തുനിന്നും പുറത്തു് കൊണ്ടുവന്നു് പ്രകൃതിദർശനം ചെയ്തുകൊണ്ടാണു് നിഷ്ക്രമണം ആരംഭിക്കുന്നതു്.

അന്നു വൈകുന്നേരം തന്നെ, ശിശുവിനെ മൂന്നാംപിറയായിക്കാണാവുന്ന അമ്പിളിക്കലയും കാണിച്ചുകൊടുക്കുന്നു. കുഞ്ഞിനെ സംബന്ധിച്ച്, ഇതാണു് പ്രഥമചന്ദ്രദർശനം.

"സഹസ്രായുഷാഽസൗ ജീവശരദഃ ശതം" , "പശ്യേന ശരദഃ ശതം, ജീവേമ ശരദഃ ശതം, പ്രബ്രവാമ ശരദഃ ശതമദീനൗസ്യാമ ശരദഃ ശതം, ഭൂയശ്ച ശരദഃശതാത്" എന്നിങ്ങനെ, നൂറു ശരദൃതുക്കൾ ഇന്ദ്രിയസ്വാധീനത്തോടും ആരോഗ്യത്തോടും ജീവനോടും കൂടെ തുടർന്നുപോവാനുള്ള പ്രാർത്ഥനാമന്ത്രങ്ങളാണു് ഈ ചടങ്ങിൽ ആലപിക്കുക.

ഷോഡശസംസ്കാരങ്ങളിൽ മിക്കതിലും 'ത്വം ജീവശരദഃ ശതം വർദ്ധമാന" (നീ നൂറു ശരത്കാലത്തോളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജീവനായിത്തീരട്ടെ) എന്ന മന്ത്രം ഉച്ചരിക്കാറുണ്ടു്.
പഞ്ചാംഗം എന്നാൽ കാലത്തിന്റെ അഞ്ച് അവയവങ്ങൾ അഥവാ മാനങ്ങൾ.
നക്ഷത്രം, തിഥി, വാരം,കരണം, നിത്യയോഗം ഇവയാണു് ഈ അഞ്ച് അംഗങ്ങൾ.
ആകെ 360 ഡിഗ്രിയുള്ള ആകാശചക്രത്തിനെ (ഖഗോളചക്രം) 12, 27, 30, 60 ഇങ്ങനെ പല ഘടകഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇവയ്ക്കെല്ലാം അടയാളമായി ആകാശത്തുതന്നെയുള്ള സ്ഥിരവും ചരവുമായ ഖഗോളവസ്തുക്കളുമായി (നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ചന്ദ്രൻ, സൂര്യൻ, രാഹു, കേതു എന്നീ സ്ഥാനങ്ങൾ) പേരും നിർദ്ദേശാങ്കങ്ങളും കൊടുത്തിരിക്കുന്നു.

ഈ നിർദ്ദേശാങ്കങ്ങൾ ഉപയോഗിച്ചു്, കടന്നുപോകുന്ന ഓരോ സമയഘട്ടത്തേയും ( സെക്കൻഡ്, മിനിട്ട്, മണിക്കൂർ, ദിവസം, ആഴ്ച്ച, മാസം, വർഷം....) കൃത്യമായി അടയാളപ്പെടുത്തുന്ന സംവിധാനമാണു് പഞ്ചാംഗം (almanac / calendar).

ചന്ദ്രനെ ഓരോ ദിവസവും 27-ൽ ഓരോന്നുവച്ച് ഓരോ നക്ഷത്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്നതു് ആ ദിവസത്തെ നാൾ (നക്ഷത്രം). [അശ്വതി, ഭരണി, കാർത്തിക ഇത്യാദി.]

ചന്ദ്രനെ സൂര്യനുമായുള്ള സ്ഥാനവ്യത്യാസവുമായി ബന്ധപ്പെടുത്തുന്നതു് പക്കം (തിഥി). [പ്രഥമ, ദ്വിതീയ, .... (കറുത്ത / വെളുത്ത) വാവു് ] ആകെ മുപ്പതുപക്കം. അതിൽ പകുതി കറുത്ത പക്ഷം, ബാക്കി വെളുത്ത പക്ഷം. അങ്ങനെ രണ്ടുപക്ഷം.

പക്ഷത്തിന്റെ പകുതി വാരം. (ഞായർ, തിങ്കൾ, ചൊവ്വ...ശനി).

തിഥിയുടെ പകുതിയാണു് കരണം. സൂര്യനും ചന്ദ്രനും തമ്മിലുള്ള സ്ഥാനവ്യത്യാസം 6 ഡിഗ്രി ( വൃത്തത്തിന്റെ 60-ൽ ഒരു ഭാഗം) മാറുവാൻ വേണ്ട സമയമാണു് ഒരു കരണം. അതായതു് ഒരു കരണം = രണ്ടു പൗർണ്ണമികൾക്കിടയിലുള്ള സമയത്തിന്റെ 60-ൽ ഒരു ഭാഗം. [പുഴു, പുള്ളു്, നാൽക്കാലി, പാമ്പ്; സിംഹം, വ്യാഘ്രം, പന്നി, കഴുത, ആന, പശു, വിഷ്ടി ഇങ്ങനെയാണു കരണങ്ങൾക്കു പേരുകൾ]

സൂര്യന്റേയും ചന്ദ്രന്റേയും ആകാശത്തെ കോൺസ്ഥാനങ്ങളുടെ തുകയാണു് നിത്യയോഗം. ആകാശത്തുനോക്കുമ്പോൾ, സൂര്യനേക്കാളും സ്വല്പം വേഗം കുറഞ്ഞതാണു് ചന്ദ്രന്റെ ഗതി. ഇന്നലെ രാത്രി 8 മണിക്കു് നേരേ മുകളിൽ കണ്ട ചന്ദ്രൻ ഇന്നു രാത്രി 8 മണിക്കു് സ്വല്പം കൂടി കിഴക്കുമാറി, അതായതു് സ്വല്പം വൈകിയല്ലേ കാണപ്പെടുന്നതു്? ഇങ്ങനെ വൈകുന്ന തോതു് കഷ്ടി ഒരു മാസം കഴിയുമ്പോൾ ഒരു പൂർണ്ണവൃത്തമായി മാറും. അതിന്റെ ഒരു ദിവസത്തെ പങ്കാണു് അന്നത്തെ നിത്യയോഗം. (ഇതു് ഏകദേശം 20 മണിക്കൂർ വരും). അങ്ങനെ 27 പേരുകളിൽ നിത്യയോഗങ്ങൾ.
വളരെ ലളിതമായി പറഞ്ഞാൽ, ആകാശമണ്ഡലത്തിലെ ഒരു സ്ഥിരബിന്ദുവിനെ ആധാരമാക്കി, ഓരോ ഗ്രഹത്തിന്റേയും (സൂര്യനും, ചന്ദ്രനും അടക്കം) കോൺസ്ഥാനം (രേഖാംശം) ആണു് സ്ഫുടം (Longitude of the ascending node). കൂടുതൽ വിശദമായി ഇവിടെ എഴുതിയിട്ടുണ്ടു്:https://ml.wikipedia.org/.../Longitude_of_the_ascending_node

No comments:

Post a Comment