Sunday, June 19, 2016

സന്ധ്യാമഴ





സന്ധ്യാമഴ
------------------
മഴ വരുന്നതെപ്പോഴും ഭൂതകാലത്തിൽ നിന്നാണ്‌ .അനന്തവീഥിയിൽ പോയ്‌ മറഞ്ഞവരുടെ നാട്ടിൽ നിന്ന് വർത്തമാനത്തിലേക്ക് വന്നു വീഴുന്ന മഴ എന്തൊരു ഓർമപ്പെയ്ത്താ ണ്? ചില്ലു ഞൊറികളിലൂടെ ഇന്ന് കാണുന്നത് ഭൂതകാലത്തിൻെറ നടുമുറ്റമാണ്. ജനിമൃതികളേയും പുനർജ്ജന്മത്തേയും ഓർമപ്പെടുത്തുന്നത് മഴയാണ്. മഴ തന്നെ ഒരു പുനർജന്മമാണല്ലോ .അനന്തതയിൽ നിന്നു വന്ന് പെയ്തൊഴുകി നീലഗഭീരതയിൽ ലയിച്ച് വീണ്ടും ആവിയായ്‌ ഉയർന്ന് ആകാശ വാതായനങ്ങൾ കടന്ന് വീണ്ടും തിരിച്ച് ഭൂമിയിലേക്ക്‌ പുനർജ്ജന്മം. എൻറ്റെ ബാല്യകാലസ്മൃതിയിൽ തപിച്ചിട്ടെന്തു കാര്യം? വൈദ്യുതി ഇല്ലാത്ത വീട്ടിൽ, കടൽമുഴക്കം കേൾക്കുന്ന വർഷകാല ഋതുരാത്രിയിൽ ഇരമ്പിവരുന്ന മഴയെ കേട്ട്, തിരിഞ്ഞു കിടന്നുറങ്ങുന്ന അമ്മയുടെ മുതുകിൽ പറ്റിച്ചേരുന്ന സുഖ സുരക്ഷിതത്വം ഞാൻ ഓർക്കാറുണ്ട്. പക്ഷെ എന്നേക്കാൾ എത്രയോ ഗംഭീരന്മാർ എത്രയോ മുമ്പ് ഈ മഴ അനുഭവിച്ചു കാണും ? പുനർജന്മങ്ങളിൽ വീണ്ടും കണ്ടുമുട്ടുന്നതറിയാതെ, അന്നത്തെ മഴ സത്യമെന്നോർത്തുകാണും ?
ഏറെ ഏറെ മുൻപ് കൊടുംകാട്ടിലെ ഗുഹയിൽ അമ്മ ചുട്ടുകൊടുത്ത കാട്ടു കിഴങ്ങ് അമ്മയുടെ മടിയിലിരുന്ന് ഭക്ഷിച്ചിരുന്ന ഘടോൽക്കചൻ, ഇതുവരെ കാണാത്ത അതികായനായ അച്ഛൻറ്റെ വിശേഷങ്ങൾ അമ്മയിൽ നിന്നു കേൾക്കുമ്പോൾ മഴ സാക്ഷിയായിരുന്നു . ഗുഹാമുഖത്തെ വലിയ പാറയിൽ അച്ഛൻ ഇരിക്കാറുണ്ടായിരുന്ന സ്ഥലത്ത്‌ അമ്മ കാട്ടുമല്ലിക കോർത്ത മാല വെച്ചത് ആ സന്ധ്യാമഴയിൽ നനഞ്ഞിരുന്നു .കാഞ്ഞിരക്കുരു പിളർന്ന് അതിൽ അമ്മ കത്തിച്ചു വെച്ച മൃഗക്കൊഴുപ്പു തിരിനാളം അണഞ്ഞിരുന്നു. വന്യഭംഗിയിൽ വീശിയടിക്കുന്ന കൊടുംകാറ്റ് അമ്മയുടെ കഥകളിലെ അച്ഛനെ ഓർമ്മിപ്പിച്ചിരുന്നു . ദൂരെ മലനിരകളിൽ തിമിർത്തുപെയ്യുന്ന മഴ കുത്തിയൊഴുകി കാട്ടുചോലയിൽ പതിക്കുന്നത് അവൻ നോക്കിയിരുന്നു. ഗുഹയിലേക്ക് ഇരച്ചുകയറിയ ശീതം ചെറുക്കാൻ അവൻ അമ്മയുടെ സമൃദ്ധമായ വയറിൽ മുഖമമർത്തി കിടന്നു. ആ ഗഭീര കാനനത്തിൽ അവർ രണ്ടുപേർ , ഭൂമിയിൽ തന്നെ തനിച്ച് എന്ന പോൽ .
ഇനി അതിനും എത്രയോ മുമ്പ് കാനനവാസക്കാലത്ത് , രാത്രി കാട്ടുചോലയിൽ മേൽ കഴുകാൻ ഇറങ്ങിയ ലക്ഷ്മണൻ ചോലയുടെ മാർത്തട്ടിലേക്ക് ആഞ്ഞുവീഴുന്ന മഴയെ നോക്കി നിന്നപ്പോൾ , ഒരു ക്ഷണമാത്ര ,ഒരു ക്ഷണമാത്ര യോജനകൾപ്പുറം അയോദ്ധ്യയിലെ ഏകാന്ത ഹർമ്യത്തിൽ നിദ്രാവിഹീനയായി ജപിക്കുന്ന ഊർമ്മിളയെ ഓർത്തുപോയിരിക്കാം. അന്നും ഇതുപോലെ മഴയായിരുന്നു.
അവരുടെയെല്ലാം,-എൻറ്റെയും- വാഴ്വിനു മഴ സാക്ഷി. ഇനി മന്വന്തരങ്ങൾക്കുശേഷവും ക്ഷീരപഥത്തിലെങ്ങോ , ഇന്നലെ ശാസ്ത്രം കണ്ടുപിടിച്ച
ജൈവ തന്മാത്രകൾ വളർന്നു വളർന്ന് സ്വപ്നം കാണുമ്പോൾ ആ രാത്രിയിലും മഴയുണ്ടാകും. അനന്തതയിൽ നിന്നു വന്ന്‌ കടലിലലിഞ്ഞ്
ഉയിർത്തെഴുന്നേൽക്കുന്ന മഴ. ആ മഴപ്പെയ്ത്തിലും നനയാൻ ഞാൻ ഉണ്ടാകുമോ ?
നീയപാരതയുടെ നീല ഗംഭീരോദാര
ഛായ നിന്നാശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു .
- ജി

Tuesday, May 31, 2016

'വിമര്‍ശം' 'വിമര്‍ശനം'

?:'വിമര്‍ശം' എന്നും 'വിമര്‍ശനം' എന്നും പ്രയോഗിച്ചു കാണാറുണ്ട്, ഇതിലേതാ ശരി? രണ്ടും ശരിയാണെങ്കില്‍ എന്താണ് വ്യത്യാസം ?
Athul JSOctober 1, 2014
?:വിമർശം- വിമർശനം : ഏതാണ് ശരിയായ പ്രയോഗം?
ഉദാ. വി. എസ്സിന് പീ ബീ യിൽ വിമർശം / വിമർശനം.
Vijaikumar Divakaran NellayikunnamJanuary 18 ,2016 
::രണ്ടും സാധുവായ വാക്കുകളാണു്. ഗൃഹ പ്രവേശം,ഗൃഹ പ്രവേശനം, സ്മരം, സ്മരണം ഇവയൊക്കെ സമാനമായ ജോടികൾ ആണ്.പൊതുവേ, അം എന്നവസാനിക്കുന്ന ഒരു വാക്കു് ഗുണനാമമാണെങ്കിൽ അതിനോട് -അനം ചേരുമ്പോൾ ആ ഗുണം സൃഷ്ടിക്കുന്ന ക്രിയ എന്നു പറയാം.
ഉദാ: വിമർശം (വിമർശിക്കപ്പെട്ട് എഴുതിയ ഒരു കൃതി/ലേഖനം), വിമർശനം - അത്തരം ലേഖനം/കൃതി രചിക്കുക എന്ന ക്രിയ.
സ്മരണവും സാധുവായ ഒരു വാക്കാണു്. സാധാരണയായി നാം അധികം ഉപയോഗിക്കാറില്ലെങ്കിലും.
സ്മരം = ഓർമ്മ എന്ന ഗുണനാമം.
സ്മരണം = സ്മരണ = ഓർമ്മ, ഓർമ്മിക്കുക എന്ന ക്രിയ.
സ്മാരണം = ഓർമ്മിപ്പിക്കുക എന്ന ക്രിയ.
എന്നാൽ സ്മിതം, സ്മേരം= പുഞ്ചിരി.

അനുസ്മരണം = (പതിവായി/പലപ്പോഴായി) ഓർമ്മിച്ചുകൊണ്ടിരിക്കുക എന്ന പ്രവൃത്തി.


പുതിയ വീട്ടിലേക്കു് ആദ്യമായി കടന്നുകയറി താമസിക്കുന്ന ചടങ്ങ് ‘ഗൃഹപ്രവേശം’.
ഏതെങ്കിലും വീട്ടിലേക്കു് എപ്പോഴെങ്കിലും പ്രവേശിക്കുന്ന ക്രിയയെ ഗൃഹപ്രവേശനം എന്നും പറയാം.
ഡോ. പുതുശ്ശേരി രാമചന്ദ്രൻ ഒരുക്കിക്കൂട്ടിയ 'കേരളപാണിനീയവിമർശം' എന്ന സുപ്രധാനഭാഷാഗ്രന്ഥത്തെക്കുറിച്ചു കേട്ടിട്ടുണ്ടായിരിക്കുമല്ലോ അല്ലേ?

വിമർശിക്കുക എന്നതൊരു ക്രിയ. ആ ക്രിയയുടെ പേരു് (ക്രിയാനാമം) വിമർശനം. അങ്ങനെ വിമർശനം ചെയ്തു കിട്ടുന്ന കൃതി (ആ വിമർശനകൃതി) വിമർശം.

ഗൃഹത്തിൽ പ്രവേശിക്കുക എന്നതൊരു ക്രിയ. ആ ക്രിയയുടെ നാമം ഗൃഹപ്രവേശനം. അങ്ങനെ പ്രവേശിക്കുന്നതു് പ്രത്യേകം ഒരു സംഭവം / ചടങ്ങ് / കർമ്മം ആണെങ്കിൽ അതു ഗൃഹപ്രവേശം.

വാക്യത്തിൽ പ്രയോഗിക്കുമ്പോൾ:
"ശങ്കരന്റെ ആ കവിതയെ സുകുമാരൻ നിശിതമായി വിമർശനം നടത്തുകയുണ്ടായി. പ്രസ്തുത വിമർശമാണു് 'കെട്ട വിളക്കുകൾ' എന്ന കൃതി."
Viswa Prabha
 
October 1, 2014
·

Wednesday, February 3, 2016

ക്രിസ്തു വാതിലിനു പുറത്താണ്




 ആത്മീയത ഏക വചനമാണ്. മതം ബഹുവചനവും. ഇതാണ് ആത്മീയതയും മതങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം. മതം സംഘടിത ശക്തിയിൽ വിശ്വസിക്കുന്നു. --- അത്മീയത തീർത്തും വ്യക്തിഗതമാണ്.അവിടെ ഒരാൾ മാത്രമേയുള്ളു. ആ ഒരാൾ ഞാൻ തന്നെ എന്നു ചിന്തിക്കുന്നവൻ വിജയിക്കുന്നു. എന്തെന്നാൽ ആത്മീയോർജ്ജമാണ് പ്രപഞ്ചത്തിൽ ലഭ്യമായ ഊർജ്ജങ്ങളിൽ ഏറ്റവും ശക്തം.
(ലളിതവും എന്നാൽ അതിമൗലികവും ആയ ചിന്ത. ജോണ്‍ സാനന്ദരാജിൻറ്റെ ലഘു (പ്രത്യക്ഷ വലുപ്പത്തിൽ മാത്രം) ലേഖനത്തിൽ നിന്ന്. 
ക്രിസ്തു വാതിലിനു പുറത്താണ്- സാനന്ദ രാജ്- സമ്പാദനം - സുഭാഷ്‌ വലവൂർ- പരിധി പബ്ളിക്കേഷൻസ്. വില 60.00 paridhipublications@ hotmail.com )
" ഇടുങ്ങിയ വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുക" ക്രിസ്തു പറയുന്നു " നാശത്തിലേ ക്കും മരണത്തിലേക്കും പോകുന്ന വാതിൽ വീതി കൂടിയതും വഴി വിശാലവും അതിൽ കൂടി സഞ്ചരിക്കുന്നവർ ബഹു ഭൂരിപക്ഷവും ആകുന്നു.ജീവനിലേക്കു പോകുന്ന വാതിൽ ഇടുങ്ങിയതും വഴി ഞെരുങ്ങിയതും അത്രെ . ആ വാതിൽ കണ്ടെത്തുന്നവർ കോടിയിൽ ഒരാൾ മാത്രം.
ഇടുങ്ങിയ വാതിൽ കണ്ടെത്തുക അത്യന്തം ദുഷ്കരമെങ്കിലും അതൊരസാധ്യതയല്ല.
"ഇതാ ഞാൻ വാതിൽക്കൽ നിൽക്കുന്നു." ക്രിസ്തു പറയുന്നു. " ആരെങ്കിലും എൻറ്റെ ശബ്ദം കേട്ട് എന്നെ ഉള്ളിലേക്ക് ക്ഷണിച്ചാൽ ഞാൻ അവനിലും അവൻ എന്നിലും വസിക്കും."
കഴിഞ്ഞ രണ്ടായിരം വർഷമായി ക്രിസ്തു വാതിലിനു പുറത്താണ്.
( bracket ൽ ഉള്ളത് മാത്രം എൻറ്റെ വാക്കുകൾ)
 
--- മനോജ്‌ വർമ

Wednesday, January 27, 2016

ഒരു ആയുസ്സും നൂറു് അഭിഷേകവും ആയിരം പൂർണ്ണചന്ദ്രന്മാരും

ശതാഭിഷേകമെന്നാൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടവർക്കായി നടത്തുന്ന ചടങ്ങ് ആണല്ലോ. ഇവിടുത്തെ ശതത്തിന് എന്താണ് അർത്ഥം...?

Viswa Prabha
ഇതു വിശദീകരിക്കാൻ സ്വല്പം ഗ്രഹഗണിതം വേണ്ടിവരും. ഈ ഗ്രൂപ്പിന്റെ വിഷയപരിധിയിലേക്കു പോവുമോ എന്ന സംശയവുമുണ്ടു്. എങ്കിലും ശ്രമിക്കാം:

സൂര്യസിദ്ധാന്തമനുസരിച്ചു് ഒരു ശരാശരി സായനയോഗചക്രം ഏകദേശം 50 നാഴിക സമയമാണു്. അതായതു് ഓരോ 50 നാഴികയിലും ഒരു നിത്യയോഗദിനം കടന്നുപോവുന്നു. എന്നാൽ ഒരു സൗരദിനം 60 നാഴികയാണു്.
അങ്ങനെ വന്നാൽ, ഒരു നിത്യയോഗശതാബ്ദി = 50/60 * 100 വർഷം = 83.3333 സൗരവർഷം. [83 വർഷം 4 മാസം]

[കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, 50.10967 നാഴികയാണു് ശരാശരി യോഗചക്രം. അതനുസരിച്ച് 83 വർഷം 6 മാസം 6 ദിവസം.]

ഇനി ഈ പ്രായത്തോടുകൂടി 'നിഷ്ക്രമണസംസ്കാരം' എന്ന പേരിൽ മൂന്നുമാസം കൂടി ചേർക്കാനുണ്ടു്. അങ്ങനെ 83 വർഷവും 9 മാസവും കുറച്ചു ദിവസങ്ങളും എന്നു കിട്ടും.

അങ്ങനെ, തൊട്ടടുത്തു വരുന്ന 84ആം വാർഷികം 'ശതാഭിഷേക'മായി ആചരിക്കുന്നു.

ഇതേ സമയത്തുതന്നെയാണു് മലയാളം പഞ്ചാംഗം അനുസരിച്ചു് 1000 പൂർണ്ണചന്ദ്ര-രാശികൾ പൂർത്തിയാവുന്നതും. (83.3333 വർഷം).
യഥാർത്ഥത്തിൽ, 83 വർഷം 4 മാസവുമാകുന്നതിനുമുമ്പേ 1030.7 പൗർണ്ണമികൾ സംഭവിച്ചിട്ടുണ്ടാകും. എന്നാൽ ആയിരമേ കണക്കിലെടുക്കൂ.
May 31, 2015 at 4:01am

സംവത്സരം എന്നാൽ ഋതുക്കളുടെ കൂട്ടായ വാസസ്ഥാനം എന്നു് നിരുക്തം. ഋതുക്കളാണു് സംവത്സരത്തിന്റെ കാരകങ്ങൾ.
സാമാന്യപഞ്ചാംഗത്തിൽ (civil almanac) ചുരുങ്ങിയതു് മൂന്നുതരത്തിലുണ്ടു് സംവത്സരങ്ങൾ: ചാന്ദ്രം (lunar), സൗരം (solar), ജൈവം (Jovial - based on Jupiter's orbit).

ഒരു ചാന്ദ്രമാസം എന്നാൽ ഒരു പൂർണ്ണചന്ദ്രദർശനം മുതൽ അടുത്ത പൂർണ്ണചന്ദ്രദർശനം വരെ. അത്തരം 12 പരിക്രമങ്ങളായാൽ ഒരു ഋതുചക്രം അതായതു് ഒരു ചാന്ദ്രസംവത്സരമായി.

ഇതിനെടുക്കുന്ന സമയം 354.3670554 സൗരദിനങ്ങളാണു്. (അതായതു് ഇതിനിടയ്ക്കു് ഇത്രയും സൂര്യോദയങ്ങൾ കടന്നുപോവും.)

എന്നാൽ ഒരു സൗരസംവത്സരം എന്നാൽ ഏകദേശം 365.25 സൂര്യോദയദിവസങ്ങളാണു്. ഇവ തമ്മിൽ ഏകദേശം 10.883 ദിവസത്തെ വ്യത്യാസം വരും. ഈ വ്യത്യാസം മൂലം ഒരു സൗരവർഷത്തിൽ ചന്ദ്രമാസങ്ങൾ കൃത്യം 12 അല്ല, അതിലും സ്വല്പം കൂടുതൽ വരും.
മാത്രമല്ല, ചന്ദ്രന്റെ ആപേക്ഷികസ്ഥാനം ഭൂമിയെയാണോ സൂര്യനെയാണോ അതോ താരതമ്യേന സ്ഥിരമായ നക്ഷത്രമണ്ഡലത്തെയാണോ ഒത്തുനോക്കി കണക്കാക്കുന്നതെന്ന ചോദ്യവും വരും.
ഈ സങ്കീർണ്ണത ഒഴിവാക്കി, പഞ്ചാംഗഗണിതം എളുപ്പത്തിലാക്കാൻ പ്രാചീനജ്യോതിർഗണിതശാസ്ത്രജ്ഞർ ഒരു വിദ്യ പ്രയോഗിച്ചു: ഒരു പൗർണ്ണമി കഴിഞ്ഞാൽ 19 വർഷം തികയുന്ന ദിവസം കൂടി 235 പൗർണ്ണമികൾ പൂർത്തിയാക്കിയിട്ടുണ്ടാവും. ഇതേ സമയം കൊണ്ടു് സൂര്യനും 19x12 = 228 രാശിമാനങ്ങൾ (ഒരു രാശിമാനം 360/12 = 30 ഡിഗ്രി) സഞ്ചരിച്ചിട്ടുണ്ടാവും.
അപ്പോൾ 1000 രാശിമാനങ്ങൾ കടക്കാൻ എത്ര വർഷം വേണം? 100 /12 = 83.333 പക്ഷേ, 83 വർഷം 4 മാസം കൊണ്ടു് എത്ര പൗർണ്ണമി സംഭവിച്ചിട്ടുണ്ടാകും? 235/19 x 83.3333 = 1030.70. ആയിരവും പിന്നെ ഒരു മുപ്പതും.
ഇതിൽ മുപ്പതെണ്ണത്തിനു് ഒരു പ്രത്യേകതയുണ്ടു്. അവയെ ഇംഗ്ലീഷിൽ Blue moons എന്നു വിളിക്കുന്നു. ഒരേ രാശിയിൽ (മലയാളം കൊല്ലവർഷം പോലുള്ള സൗരമാസത്തിൽ) രണ്ടു പൗർണ്ണമികൾ ആവർത്തിച്ചുവരുമ്പോൾ അവയിൽ ഒന്നാണു് നീലച്ചന്ദ്രൻ. (ഇന്ത്യൻ പഞ്ചാംഗങ്ങളിൽ ഇങ്ങനെ ഒരു പേരില്ല. എന്നാൽ രണ്ടു വാവുകൾ ആവർത്തിച്ചുവരുന്ന സൗരമാസത്തിനു് അധികമാസം എന്നു പേർ).
പിറന്നാൾ തുടങ്ങിയ വ്യക്തിപരമായ ആഘോഷങ്ങൾക്കു് (സിവിൽ പഞ്ചാംഗം) ഇങ്ങനെ മാസത്തിൽ രണ്ടുതവണ ആവർത്തിച്ചുവരുന്ന തിഥി, നക്ഷത്രം എന്നിവ കണക്കിലെടുക്കില്ല. അവയെ നിരാകരിക്കും (expunge). [ഇതുപോലെ, വളരെ വളരെ അപൂർവ്വമായി പൗർണ്ണമിയേ ഇല്ലാത്ത ധനു/മകരം മാസവും വന്നെന്നിരിക്കും.]
ഇങ്ങനെ, വിശദമായി ഗണിച്ചുനോക്കിയാൽ, ആയിരം പൗർണ്ണമിമാസങ്ങൾ (രാശികൾ) കടന്നുപോകണമെങ്കിൽ 1000/12 (അല്ലെങ്കിൽ 19/228 x 1000) = 83 വർഷം 4 മാസം വേണമെന്നു കാണാം. (ഈ വലിയ കാലഘട്ടത്തിനുള്ളിൽ പരമാവധി ഒമ്പതു മണിക്കൂറിന്റെ വ്യത്യാസമുണ്ടാകാം).
അങ്ങനെയാണു് (നിത്യയോഗ)ശതാഭിഷേകവും സഹസ്രപൂർണ്ണിമയും തമ്മിൽ ഏതാണ്ടൊരേ പ്രായത്തിൽ ഒത്തുപോകുന്നതു്.


May 31, 2015 at 4:17am ഇനി ഇവയിലെ ചില വാക്കുകളെപ്പറ്റി വിശദീകരിക്കാം:
നിഷ്ക്രമണസംസ്കാരം:
ഹൈന്ദവാചാരമനുസരിച്ചു് അവശ്യമായ 16 ചടങ്ങുകൾ ഒരാളുടെ ജീവിതത്തിൽ നടത്താനുണ്ടു്. ഇവയെ ഷോഡശസംസ്കാരങ്ങൾ എന്നു വിളിക്കുന്നു. ഗർഭാധാനം മുതൽ മരണാനന്തരക്രിയകൾ (അന്ത്യേഷ്ടി) വരെ പടർന്നുകിടക്കുന്നതാണു് ഈ ചടങ്ങുകൾ.

അതിൽ ആറാമത്തെ ചടങ്ങാണു് നിഷ്ക്രമണസംസ്കാരം.

ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ അതല്ലെങ്കിൽ നാലാം മാസത്തിലെ ജന്മതിഥിയിലോ രാവിലെ, സൂര്യോദയസമയത്തു് തെളിഞ്ഞ അന്തരീക്ഷത്തിൽ ശിശുവിനെ വീടിനകത്തുനിന്നും പുറത്തു് കൊണ്ടുവന്നു് പ്രകൃതിദർശനം ചെയ്തുകൊണ്ടാണു് നിഷ്ക്രമണം ആരംഭിക്കുന്നതു്.

അന്നു വൈകുന്നേരം തന്നെ, ശിശുവിനെ മൂന്നാംപിറയായിക്കാണാവുന്ന അമ്പിളിക്കലയും കാണിച്ചുകൊടുക്കുന്നു. കുഞ്ഞിനെ സംബന്ധിച്ച്, ഇതാണു് പ്രഥമചന്ദ്രദർശനം.

"സഹസ്രായുഷാഽസൗ ജീവശരദഃ ശതം" , "പശ്യേന ശരദഃ ശതം, ജീവേമ ശരദഃ ശതം, പ്രബ്രവാമ ശരദഃ ശതമദീനൗസ്യാമ ശരദഃ ശതം, ഭൂയശ്ച ശരദഃശതാത്" എന്നിങ്ങനെ, നൂറു ശരദൃതുക്കൾ ഇന്ദ്രിയസ്വാധീനത്തോടും ആരോഗ്യത്തോടും ജീവനോടും കൂടെ തുടർന്നുപോവാനുള്ള പ്രാർത്ഥനാമന്ത്രങ്ങളാണു് ഈ ചടങ്ങിൽ ആലപിക്കുക.

ഷോഡശസംസ്കാരങ്ങളിൽ മിക്കതിലും 'ത്വം ജീവശരദഃ ശതം വർദ്ധമാന" (നീ നൂറു ശരത്കാലത്തോളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജീവനായിത്തീരട്ടെ) എന്ന മന്ത്രം ഉച്ചരിക്കാറുണ്ടു്.
പഞ്ചാംഗം എന്നാൽ കാലത്തിന്റെ അഞ്ച് അവയവങ്ങൾ അഥവാ മാനങ്ങൾ.
നക്ഷത്രം, തിഥി, വാരം,കരണം, നിത്യയോഗം ഇവയാണു് ഈ അഞ്ച് അംഗങ്ങൾ.
ആകെ 360 ഡിഗ്രിയുള്ള ആകാശചക്രത്തിനെ (ഖഗോളചക്രം) 12, 27, 30, 60 ഇങ്ങനെ പല ഘടകഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇവയ്ക്കെല്ലാം അടയാളമായി ആകാശത്തുതന്നെയുള്ള സ്ഥിരവും ചരവുമായ ഖഗോളവസ്തുക്കളുമായി (നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ചന്ദ്രൻ, സൂര്യൻ, രാഹു, കേതു എന്നീ സ്ഥാനങ്ങൾ) പേരും നിർദ്ദേശാങ്കങ്ങളും കൊടുത്തിരിക്കുന്നു.

ഈ നിർദ്ദേശാങ്കങ്ങൾ ഉപയോഗിച്ചു്, കടന്നുപോകുന്ന ഓരോ സമയഘട്ടത്തേയും ( സെക്കൻഡ്, മിനിട്ട്, മണിക്കൂർ, ദിവസം, ആഴ്ച്ച, മാസം, വർഷം....) കൃത്യമായി അടയാളപ്പെടുത്തുന്ന സംവിധാനമാണു് പഞ്ചാംഗം (almanac / calendar).

ചന്ദ്രനെ ഓരോ ദിവസവും 27-ൽ ഓരോന്നുവച്ച് ഓരോ നക്ഷത്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്നതു് ആ ദിവസത്തെ നാൾ (നക്ഷത്രം). [അശ്വതി, ഭരണി, കാർത്തിക ഇത്യാദി.]

ചന്ദ്രനെ സൂര്യനുമായുള്ള സ്ഥാനവ്യത്യാസവുമായി ബന്ധപ്പെടുത്തുന്നതു് പക്കം (തിഥി). [പ്രഥമ, ദ്വിതീയ, .... (കറുത്ത / വെളുത്ത) വാവു് ] ആകെ മുപ്പതുപക്കം. അതിൽ പകുതി കറുത്ത പക്ഷം, ബാക്കി വെളുത്ത പക്ഷം. അങ്ങനെ രണ്ടുപക്ഷം.

പക്ഷത്തിന്റെ പകുതി വാരം. (ഞായർ, തിങ്കൾ, ചൊവ്വ...ശനി).

തിഥിയുടെ പകുതിയാണു് കരണം. സൂര്യനും ചന്ദ്രനും തമ്മിലുള്ള സ്ഥാനവ്യത്യാസം 6 ഡിഗ്രി ( വൃത്തത്തിന്റെ 60-ൽ ഒരു ഭാഗം) മാറുവാൻ വേണ്ട സമയമാണു് ഒരു കരണം. അതായതു് ഒരു കരണം = രണ്ടു പൗർണ്ണമികൾക്കിടയിലുള്ള സമയത്തിന്റെ 60-ൽ ഒരു ഭാഗം. [പുഴു, പുള്ളു്, നാൽക്കാലി, പാമ്പ്; സിംഹം, വ്യാഘ്രം, പന്നി, കഴുത, ആന, പശു, വിഷ്ടി ഇങ്ങനെയാണു കരണങ്ങൾക്കു പേരുകൾ]

സൂര്യന്റേയും ചന്ദ്രന്റേയും ആകാശത്തെ കോൺസ്ഥാനങ്ങളുടെ തുകയാണു് നിത്യയോഗം. ആകാശത്തുനോക്കുമ്പോൾ, സൂര്യനേക്കാളും സ്വല്പം വേഗം കുറഞ്ഞതാണു് ചന്ദ്രന്റെ ഗതി. ഇന്നലെ രാത്രി 8 മണിക്കു് നേരേ മുകളിൽ കണ്ട ചന്ദ്രൻ ഇന്നു രാത്രി 8 മണിക്കു് സ്വല്പം കൂടി കിഴക്കുമാറി, അതായതു് സ്വല്പം വൈകിയല്ലേ കാണപ്പെടുന്നതു്? ഇങ്ങനെ വൈകുന്ന തോതു് കഷ്ടി ഒരു മാസം കഴിയുമ്പോൾ ഒരു പൂർണ്ണവൃത്തമായി മാറും. അതിന്റെ ഒരു ദിവസത്തെ പങ്കാണു് അന്നത്തെ നിത്യയോഗം. (ഇതു് ഏകദേശം 20 മണിക്കൂർ വരും). അങ്ങനെ 27 പേരുകളിൽ നിത്യയോഗങ്ങൾ.
വളരെ ലളിതമായി പറഞ്ഞാൽ, ആകാശമണ്ഡലത്തിലെ ഒരു സ്ഥിരബിന്ദുവിനെ ആധാരമാക്കി, ഓരോ ഗ്രഹത്തിന്റേയും (സൂര്യനും, ചന്ദ്രനും അടക്കം) കോൺസ്ഥാനം (രേഖാംശം) ആണു് സ്ഫുടം (Longitude of the ascending node). കൂടുതൽ വിശദമായി ഇവിടെ എഴുതിയിട്ടുണ്ടു്:https://ml.wikipedia.org/.../Longitude_of_the_ascending_node

Tuesday, January 26, 2016

മദ്യവും , മദിരാക്ഷിയും ..... എന്താണ് മദിരാക്ഷി ...? ഇത് മലയാള വാക്കാണോ ...? (Moidu Thundiyil> നല്ല മലയാളം )

മദിരം=മദകരം(മദിപ്പിക്കുന്നത്),
മദിരാക്ഷി=മദിപ്പിക്കുന്ന കണ്ണുകളുള്ളവൾ, സുന്ദരി.
മദിരം എന്നതിന് മനോഹരം എന്നും കരിങ്ങാലി എന്നും അർത്ഥമുണ്ട്.

(Michael Rocky )

Monday, January 25, 2016

വ്യാഴവട്ടവും പുരുഷായുസ്സും

'വ്യാഴവട്ടം' എന്ന പറഞ്ഞാൽ എത്ര വർഷമാണ് ?
അതുപോലെ ഒരു പുരുഷായുസ്സ് എന്നതിനു എന്തെങ്കിലും കൃത്യമായ കാലഗണനയുണ്ടോ?


Viswa Prabha
വ്യാഴവട്ടം എന്നാൽ വ്യാഴഗ്രഹം ഒരു വട്ടം സൂര്യനെ കറങ്ങാനെടുക്കുന്ന സമയം. ഏകദേശം 12 വർഷം. (കൃത്യമായി പറഞ്ഞാൽ 11.8618 വർഷം അഥവാ 4,332.59 ദിവസം).
പുരുഷായുസ്സ് 86 അല്ല, 120 വയസ്സാണു്.
രാശിചക്രത്തിലെ ഓരോ ഗ്രഹത്തിനും ഇത്ര കാലം വെച്ച് ദശകൾ കണക്കാക്കിയിട്ടുണ്ടു്. ഉദാഹരണം: പത്തുകൊല്ലം ചന്ദ്രദശ.
ഇപ്രകാരം ജനനസമയത്തെ ദശ ഏതു ഗ്രഹമാണോ അതുമുതൽ ഓരോ ഗ്രഹദശകളും പൂർത്തിയായി ഒരു രാശിചക്രം തികയുന്നതു് 120 വർഷം കൊണ്ടാണു്. ആ സമയമാണു് ഒരു പുരുഷായുഷം അഥവാ പുരുഷായുസ്സു്.

പിന്നെന്താണു് 86 വർഷത്തിന്റെ കണക്കു്? അതിനെപ്പറ്റി മുമ്പ് വിശദീകരിച്ചിട്ടുണ്ടു്.. ലിങ്ക് ഇവിടെ:
(http://malayalam21.blogspot.com/2016/01/preethy-joseph-may-28-2015.html)
Like · Reply · 6 · January 18 at 11:37pm

'സുകുമാരകലകൾ' എന്നതിൽ എന്തൊക്കെ പെടും? ആ പേരെങ്ങനെ വന്നതായിരിക്കുംഎന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല ((Vyas Deep )


Fine Arts എന്നതിന്റെ മലയാളമായാണ് സുകുമാര കലകൾ എന്ന്
ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. ചിത്രകല, ശില്പകല, സംഗീതം,
നൃത്തരൂപങ്ങൾ, കഥകളി, കൂടിയാട്ടം, നാടകം, ചലച്ചിത്രം തുടങ്ങി അനേകം
കലാരൂപങ്ങൾ സുകുമാരകലകളിൽ ഉൾപ്പെടും.
കമലദളം എന്ന ചലച്ചിത്രത്തിലെ"കമലദളം മിഴിയിൽ അണിയും സർഗകാമനയിൽ" എന്ന്
തുടങ്ങുന്ന ഗാനത്തിൽ "സുകുമാരകലകൾ കളിയരങ്ങിൽ നവരസങ്ങൾ തൂകവേ.."എന്ന
വരിയിൽ സുകുമാരകലകൾ എന്നതിന് കുറച്ചുകൂടി സ്പഷ്ടമായ... രംഗവേദികളിൽ
അവതരിപ്പിക്കപ്പെടുന്ന ദൃശ്യകലകൾ.. എന്ന അർഥമാണ് വരുന്നത്.
(നവീൻ ശങ്ക January 22 at 8:09pm)

Friday, January 1, 2016

കാവ്യനീതി

കാവ്യനീതി” എന്ന പ്രയോഗത്തിന്റെ ശരിയായ അർത്ഥം വിശദീകരിക്കാമോ..??




Michael Rocky's photo.
 
 




നല്ല മലയാളത്തിൽ ഇതുവരെ നടന്ന ചർച്ചകളിൽനിന്നും സംവാദങ്ങളിൽ നിന്നും മലയാളഭാഷയ്ക്കു് ഏറെ ഉപകാരപ്രദമായ പല ആശയങ്ങളും കാര്യകാരണങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നു് നിങ്ങളിൽ മിക്കവർക്കും സമ്മതിക്കാമല്ലോ.
ഈ അറിവുകൂട്ടത്തിൽ നിന്നും തെരഞ്ഞെടുത്ത ചില ഇതളുകൾ ഒരു തുറന്ന ബ്ലോഗായി ജനുവരി മുതൽ പ്രസിദ്ധീകരിക്കാമെന്നു് ഉദ്ദേശിക്കുന്നു.
ഈ ഉത്തരവാദിത്തം ഏകദേശം പത്തോളം അംഗങ്ങളെ ഏൽപ്പിക്കാമെന്നും കരുതുന്നു.
സ്ഥിരമായി ബ്ലോഗു് പരിപാലിക്കുന്നതിൽ പ്രാഗത്ഭ്യവും സമയവും നീക്കിവെക്കാൻ തയ്യാറുള്ള അംഗങ്ങളെ ഇക്കാര്യത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
അഭിപ്രായങ്ങൾ അറിയിക്കുക.
പിൻകണ്ണി